തമിഴ്‌നാട്ടില്‍ ഗവര്‍ണറും ആര്‍ എന്‍ രവിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാവുകയാണ്. ഗവര്‍ണര്‍ പങ്കെടുത്ത മധുര കാമരാജ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊന്‍മുടി ബഹിഷ്‌കരിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ രാഷ്ട്രീയം തിരുകാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളെ ഗവര്‍ണറുടെ ഓഫീസ് ഒറ്റയ്ക്കാണ് തീരുമാനിച്ചത്.സാധാരണ വൈസ് ചാന്‍സലറാണ് അതിഥികളെ നിശ്ചയിക്കുന്നത്. എന്നാല്‍ പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാന്‍സലറുമായ തന്റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവര്‍ണറുടെ ഓഫീസിന്റെ മാത്രം നിര്‍ദ്ദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പരാതി. ഇതേ തുടര്‍ന്ന് ചടങ്ങില്‍പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനെത്തിയ ഗവര്‍ണര്‍ക്കെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആദ്യം മുതല്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഭരണഘടനാ സ്ഥാനത്തിരുന്ന് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ പാസാക്കുന്ന പല ബില്ലുകള്‍ ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുകയാണെന്നും ഡിഎംകെ ആരോപിക്കുന്നു.