നടി ഷബാന ആസ്മിക്ക് കാർ അപകടം ഉണ്ടായതിനെ തുടർന്ന് അവർക്കെതിരെ ഫെയ്സ്ബുക്കിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഗ്രേറ്റർ നോയിഡയിലെ സർക്കാർ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ദാദ്രി പ്രദേശത്തെ ഒരു ജൂനിയർ ഹൈസ്കൂളിലെ അമ്പതു വയസുകാരിയായ അധ്യാപികയെ അച്ചടക്കനടപടിയുടെ ഭാഗമായി തിങ്കളാഴ്ച സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗൗതം ബുദ്ധ നഗർ ബേസിക് ശിക്ഷ അധികാരി ബാൽ മുകുന്ദ് പ്രസാദ് പറഞ്ഞു.
“അദ്ധ്യാപിക തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആക്ഷേപകരമായ അഭിപ്രായം പറഞ്ഞിരുന്നു. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്കുള്ള സേവന മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് ഇത്. ഇന്നലെയാണ് ഇത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്,” ഉദ്യോഗസ്ഥൻ ദി വയറിനോട് പറഞ്ഞു.
അധ്യാപികയെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തതായും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ കാലയളവ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തീരുമാനമെടുക്കുമെന്നും പ്രസാദ് പറഞ്ഞു.
അപകടം പറ്റിയ നടി ഷബാന അസ്മി മരിക്കട്ടെ എന്നായിരുന്നു അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്, ഉദ്യോഗസ്ഥൻ പറഞ്ഞു.
അഞ്ച് തവണ വീതം ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡും നേടിയ മുതിർന്ന നടി ഷബാന അസ്മി ജനുവരി 18- ന് മഹാരാഷ്ട്രയിലെ റായ്ഗഡിലെ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.