പ്രൈമറി സ്കൂൾ അധ്യാപകർ സ്‌കൂളിലെത്തി റീൽസ് ഷൂട്ട് ചെയ്യുകയും വിദ്യാർഥികളെ ഇൻസ്റ്റാഗ്രാമിൽ റീൽസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും നിർബന്ധിക്കുന്നതായി പരാതി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. അധ്യാപകരിൽ ചിലർ എന്നും സ്കൂളിലെത്തി ഡ്യൂട്ടി സമയത്ത് റീൽസ് ഷൂട്ട് ചെയ്യുന്നവരാണെന്ന് വിദ്യാർഥികൾ പറയുന്നു.
കുട്ടികളുടെ രക്ഷിതാക്കൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഗംഗേശ്വരി ആരതി ഗുപ്തയെ വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. റീൽസ് ഷെയർ ചെയ്തില്ലെങ്കിൽ അടിക്കുമെന്നാണ് അധ്യാപിക ഭീഷണിപ്പെടുത്തിയതെന്ന് ഒരു വിദ്യാർഥി വെളിപ്പെടുത്തി. റീൽസ് ഉണ്ടാക്കുന്നതിലാണ് തന്‍റെ അധ്യാപികമാർക്ക് ശ്രദ്ധയെന്നും കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിക്കാറില്ലെന്നും വിദ്യാർഥികൾ പറയുന്നു.
അതേസമയം ആരോപണ വിധേയരായ അധ്യാപികമാരിൽ ചിലരായ അംബിക ഗോയൽ, പൂനം സിങ്, നീതു കശ്യപ് എന്നിവർ വിദ്യാർഥികളുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിൽവെച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ടില്ലെന്നും കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് തങ്ങൾക്ക് ശ്രദ്ധയെന്നും ഇവർ പറയുന്നു.