കർഷകരുടെ ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പൊലീസ്. തലസ്ഥാനത്തേക്കുള്ള മാർച്ചിൽ പങ്കെടുക്കാൻ ഡൽഹി- ഹരിയാന അതിർത്തിയിലെ ശംഭുവിൽ ആയിരകണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു. 101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി മാർച്ച് നടത്തുന്നത്. കർഷകരും പൊലീസും തമ്മിലുള്ള സംഘർഷാവസ്ഥ 40 മിനിറ്റോളം നീണ്ടുനിന്നു.
കഴിഞ്ഞ ഞയറാഴ്ച് നടന്ന മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിച്ചത്. ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള മൂന്നാമത്തെ ശ്രമത്തിലാണ് കർഷക സംഘടനകൾ. സമാധാനപരമായിട്ടായിരിക്കും മാർച്ച് നടത്തുകയെന്ന് കർഷക നേതാവ് സർവെൻ സിങ് പന്ദർ പറഞ്ഞു.
കർഷകർ ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ച് പുനരാരംഭിക്കുന്നതിന് മുന്നോടിയായി അംബാല ജില്ലയിലെ 12 ഗ്രാമങ്ങളിൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ ഹരിയാന സർക്കാർ നിരോധിച്ചിരുന്നു. നിരോധനം ഡിസംബർ 17 വരെ നിലനിൽക്കുമെന്ന് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി സുമിത മിശ്ര പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
നേരത്തെ നടത്തിയ ദില്ലി ചലോ മാർച്ചിൽ പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെയാണ് കര്‍ഷകര്‍ മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. കർഷകർ കഴിഞ്ഞ രണ്ട് തവണയായി നടത്തിയ മാർച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ശംഭു അതിർത്തിയിൽ ഈ വർഷം ഫെബ്രുവരി മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, കർഷകർക്കെതിരെയുള്ള പൊലീസ് കേസുകൾ പിൻവലിക്കൽ, 2021 ലഖിംപൂർ ഖേരി അക്രമത്തിലെ ഇരകൾക്ക് “നീതി” എന്നിവ കർഷകർ ആവശ്യപ്പെടുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, 2020-21ൽ മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയും ഇവരുടെ ആവശ്യങ്ങളുടെ ഭാഗമാണ്.