ഡിജെ പരിപാടിക്കിടെ കൗമാരക്കാരന് ദാരുണാന്ത്യം; ശബ്ദം കുറയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന് മാതാവ്

ഡിജെ പരിപാടിക്കിടെ കൗമാരക്കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഭോപ്പാല്‍ സ്വദേശിയായ കൈലാഷ് ബില്ലോറിന്റെ മകന്‍ സമാര്‍ ബില്ലോര്‍ എന്ന പതിമൂന്നുകാരനാണ് ഡിജെ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. സമാറിന്റെ വീടിന് സമീപത്ത് കഴിഞ്ഞ ദിവസം ഡിജെ പരിപാടി നടന്നിരുന്നു.

പരിപാടി കാണാനായി പോയ സമാറും മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തു. എന്നാല്‍ അധികനേരം സമാറിന് വലിയ ശബ്ദത്തിലുള്ള പരിപാടി ആസ്വദിക്കാനായില്ല. പരിപാടിക്കിടെ സമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട് സമാറിന്റെ മാതാവ് സഹായത്തിനായി ഓടിയെത്തിയെങ്കിലും മറ്റുള്ളവരാരും സമാറിനെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

Read more

പല തവണ സമാറിന്റെ മാതാവ് സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും കുടുംബം വ്യക്തമാക്കി. ശബ്ദം കുറയ്ക്കാനും പരിപാടിയുടെ സംഘാടകര്‍ തയ്യാറായില്ല. സമാറിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അസഹ്യമായ ബഹളത്തിനിടെ കുട്ടി ഹൃദയം തകര്‍ന്ന് മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.