തെലങ്കാന എംഎൽഎ രമേശ് ചെന്നമനേനി ഇന്ത്യൻ പൗരനല്ലെന്ന് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മറച്ചു വെയ്ക്കുകയും വഞ്ചനയിലൂടെ പൗരത്വം നേടുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. ചെന്നമനേനി ഇന്ത്യയിലെ ഒരു പൗരനായി തുടരുന്നത് പൊതുനന്മയ്ക്ക് ഉതകുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയം 13 പേജുള്ള ഉത്തരവിൽ പറഞ്ഞു.
സംസ്ഥാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അംഗമായ ചെന്നമനേനി ഇന്ത്യൻപൗരത്വത്തിനായി അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വർഷത്തെ കാലയളവിൽ വിദേശയാത്രയെ കുറിച്ചുള്ള വസ്തുതകൾ മറച്ചു വെച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ വൈകുന്നേരം ഉത്തരവിൽ അറിയിച്ചു. അദ്ദേഹത്തിന് ജർമ്മൻ പൗരത്വം ഉണ്ടെന്നും 2009- ൽ ഇന്ത്യൻ പൗരത്വം തേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു.
“രമേശ് ചെന്നമനേനി തെറ്റിദ്ധരിപ്പിക്കുകയും വസ്തുത മറച്ചു വെയ്ക്കുകയും ചെയ്തതിലൂടെ ശരിയായ തീരുമാനമെടുക്കുന്നതിൽ ഇന്ത്യൻ സർക്കാരിന് ആദ്യം പിഴവ് സംഭവിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഒരു വർഷത്തോളം താൻ ഇന്ത്യയിൽ താമസിച്ചിരുന്നില്ല എന്ന വസ്തുത അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഈ മന്ത്രാലയത്തിലെ അധികൃതർ അദ്ദേഹത്തിന് പൗരത്വം നൽകുമായിരുന്നില്ല, ”ഉത്തരവിൽ പറയുന്നു.
അദ്ദേഹത്തിന്റെ ചെയ്തി അദ്ദേഹം പ്രതിനിധീകരിക്കുന്ന ആളുകൾക്ക് ഒരു ഉദാഹരണമായി നിലകൊള്ളും, “നിയമസഭയിലെ അംഗമെന്ന നിലയിൽ” ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന മഹനീയമായ സംവിധാനത്തിന്റെ “ഭാഗമാണ് രമേശ് ചെന്നമനേനി എന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അതേസമയം തനിക്ക് അനുകൂലമായി തെലങ്കാന ഹൈക്കോടതി തീരുമാനം എടുത്തിരുന്നതായി 2009 മുതൽ എം.എൽ.എയായ ചെന്നമനേനി പറഞ്ഞു. “എന്നാൽ ആഭ്യന്തര മന്ത്രാലയം അത് പരിഗണിച്ചില്ല, വീണ്ടും റദ്ദാക്കി (പൗരത്വം). അതിനാൽ, എന്റെ പൗരത്വം സംരക്ഷിക്കുന്നതിനായി ഞാൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കും,” വീണ്ടും കോടതിയെ സമീപിക്കാനുള്ള അവസരം കോടതി തനിക്ക് നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നമനേനി പറഞ്ഞു.
തന്റെ പൗരത്വം നിരസിച്ച 2017- ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ എംഎൽഎ ചോദ്യം ചെയ്തിരുന്നു.
സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വെമുലവാഡ നിയോജകമണ്‌ഡലത്തെയാണ് ചെന്നമനേനി പ്രതിനിധീകരിക്കുന്നത്. അവിഭക്ത ആന്ധ്രാപ്രദേശിൽ 2009 ൽ എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) യിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ പൗരത്വ കേസ് പരിഗണനയിലാണ്. പിന്നീട് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിൽ ചേർന്നു. 2010- ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014- ലും 2018- ലും തെലങ്കാന നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിൽ ഇരട്ട പൗരത്വത്തിന് വ്യവസ്ഥയില്ല. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ യോഗ്യതയില്ല.