ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധനവിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണ തരംഗത്തിന് സാദ്ധ്യത ഏറുന്നത്.
സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5-6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ ഉഷ്ണതരംഗമായി കണക്കുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസിലധികമാവുമ്പോള്‍ അതിരൂക്ഷ ഉഷ്ണതരംഗമായി കണക്കാക്കും. .
കേരളത്തിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചെങ്കിലും പകല്‍ നേരത്തെ താപനില 32-34 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.