കുനൂര്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സൈനികന്‍ ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡറുടെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. സംഘപരിവാറുകാരുടെ സൈബര്‍ ആക്രമണം മൂലമാണ് ആഷ്‌ന ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിലാണ് സംഘപരിവാറുകാര്‍ ആഷ്‌നയ്‌ക്കെതിരെ ആക്രമണവുമായി എത്തിയത്.
ചില സമൂഹ മാധ്യമ അക്കൗണ്ടുകളും ആഷ്‌നയുടെ പേരിലുള്ള ഒരു അക്കൗണ്ട് ലൈക്ക് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്ക് വെച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോസ്റ്റുകളും ഇതില്‍ ഉണ്ടായിരുന്നു. ഇതോടെ ആഷ്‌നയ്‌ക്കെതിരെ ‘വോക്ക്’ എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചുകൊണ്ടാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ തെറി വിളികളും, ബലാല്‍സംഗ ഭീഷണിയും ഉയര്‍ത്തി. ആക്രമണം സഹിക്കാതെ വന്നതോടെയാണ് ആഷ്‌ന അക്കൗണ്ട് മരവിപ്പിച്ചത്.
എന്നാല്‍ സൈബര്‍ ആക്രമണത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിതാവ് നഷ്ടപ്പെട്ട ദുഖത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ലിഡ്ഡറന്റെ മകളെ പിന്തുണച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ട്വീറ്റില്‍ കുറിച്ചു.
‘വലതുപക്ഷ വിദ്വേഷ ഗ്രൂപ്പുകള്‍ ഇന്ന് നേടിയത് ഇതാണ്. ആഷ്ന ലിഡര്‍ തന്റെ അക്കൗണ്ട് നിര്‍ജീവമാക്കി’യെന്ന് എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
വിദ്യാസമ്പന്നയും ചിന്താശേഷിയുമുള്ള ഒരു പെണ്‍കുട്ടിയെ വേട്ടയാടിയ വ്യാജ ‘ദേശസ്‌നേഹികളോടും ദേശീയവാദികളോടും’ ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി പി ചിദംബരം ട്വീറ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നേരിടേണ്ടി വന്ന ആക്രമണത്തെത്തുടര്‍ന്ന് ഒരു പതിനാറുകാരിക്ക് തന്റെ അക്കൗണ്ട് നീക്കേണ്ടി വന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളും ബലാത്സംഗ ഭീഷണികളും ഉയര്‍ത്തി സൈനികന്റെ മകളെ ആക്രമിച്ചത് വലിയ അപമാനമാണെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.