ജമ്മു കശ്മീരിലെ കുൽഗാമിൽ കൊല്ലപ്പെട്ട തീവ്രവാദികൾ താമസിച്ചിരുന്ന ബങ്കറുകൾ പരിശോധനയിൽ കണ്ടെത്തി. ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലാണെന്നാണ് റിപ്പോർട്ട്. ഒളി സങ്കേതത്തിൽ താമസിച്ച ഭീകരർ അവിടെ ബങ്കർ നിർമ്മിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു അലമാരയുടെ അകത്ത് നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം സജ്ജീകരിച്ചിരിക്കുന്നത്. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് നിർമാണം. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത്. തീവ്രവാദികൾക്ക് താമസിക്കാൻ ബങ്കറുകൾ വരെ തയ്യാറാക്കിയ സാഹചര്യത്തിൽ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
അതേസമയം നേരത്തെ ഭീകരർക്കായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഇന്ത്യൻ സൈനികർ വീര മൃത്യു വരിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഹിസബുൾ ഭീകരരെ സൈനം വധിച്ചിരുന്നു. കുൽഗാമിലെ മദർഗാമിൽ നടന്ന ആദ്യ ഏറ്റുമുട്ടലിലാണ് ആദ്യ സൈനികന് ജീവൻ നഷ്ടമായത്. കുൽഗാമിലെ തന്നെ ചിനിഗാമിൽ നടന്ന നാല് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനിൽ മറ്റൊരു സൈനികന് കൂടി ജീവൻ നഷ്ടപ്പെട്ടു. പർദീപ് കുമാർ, പ്രവീൺ ജഞ്ജാൽ പ്രഭാകർ എന്നീ സൈനികരാണ് വീരമൃതു വരിച്ചത്.