പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി ലീഡ് നിലയില്‍ ശക്തമായ മുന്നേറ്റം നടത്തി ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. പഞ്ചാബില്‍ നല്ലൊരു മാറ്റത്തിന്റെ പാതയാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് എന്ന് ഡല്‍ഹിയിലെ മന്ത്രിയും ആംആദ്മി പാര്‍ട്ടിയുടെ നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലവും ഇതുപോലെ തന്നെ പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നു. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ 90ല്‍ അധികം സീറ്റില്‍ ആംആദ്മി ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അമരിന്ദര്‍ സിങ്ങ് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും പിന്നിട്ടു നില്‍ക്കുന്നു. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും ലീഡ് നിരയില്‍ പിന്നിലാണ്.
എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടി മുന്നേറുമോ എന്നതാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. പഞ്ചാബില്‍ ആകെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.