ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം തികയുന്നു. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. ഉന്നത ബി.ജെ.പി- വി.എച്ച്.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അന്ന് മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കളങ്കപ്പെടുത്തിയ ഈ സംഭവം രാജ്യത്തുടനീളം കലാപത്തിനും വർഗീയ സംഘർഷത്തിനും ഇടയാക്കി.
“ജെസീക്കയെ ആരും കൊന്നിട്ടില്ല എന്ന് പറയുംപോലെ, ആരും ബാബറി മസ്ജിദ് തകർത്തിട്ടില്ല എന്ന കോടതിയുടെ വിധിന്യായം ഇന്ത്യയെ എക്കാലവും വേട്ടയാടും.” എന്ന് പി ചിദംബരം ഏതാനും ആഴ്ചകൾക്ക് മുമ്പ് പറഞ്ഞിരുന്നു. നവംബർ 12 ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോദ്ധ്യ – നേഷൻഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിദംബരം.
ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും 2020 സെപ്റ്റംബർ 30 ന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു, പള്ളി പൊളിക്കൽ ആസൂത്രിതമല്ലെന്നും സംഭവത്തിൽ “സാമൂഹിക വിരുദ്ധർ” ഉൾപ്പെട്ടിരുന്നുവെന്നുമാണ് അന്ന് ഉത്തർപ്രദേശ് കോടതി വിധിച്ചത്. ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവരെ ഗൂഢാലോചന കുറ്റങ്ങളിൽ നിന്ന് വിട്ടയച്ച സുപ്രധാന വിധി രാജ്യത്തുടനീളം ശക്തമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു.
1999ൽ മോഡലായ ജെസീക്ക ലാലിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ആദ്യം പ്രതിയെ കുറ്റവിമുക്തയാക്കിയ സംഭവത്തെ കുറിച്ചുള്ള “No one killed Jessica (ആരും ജെസീക്കയെ കൊന്നിട്ടില്ല)” എന്ന ഹിന്ദി ചിത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ “ബാബറി മസ്ജിദ് ആരും തകർത്തിട്ടില്ല” എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ചെയ്തിരുന്നു.
“കറുത്ത ദിനം… ഒരിക്കലും ക്ഷമിക്കരുത്, ഒരിക്കലും മറക്കരുത്,” ബാബറി മസ്ജിദ് തകർത്ത ദിവസത്തെ അനുസ്മരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് തൃണങ്കൂർ ഭട്ടാചാര്യ ഇന്ന് ട്വീറ്റ് ചെയ്തു.
ബാബറി മസ്ജിദ് തകർത്ത തെറ്റിൽ നിന്നും കൈകഴുകുന്ന തരത്തിലുള്ള പ്രസ്താവനയും നേതാക്കളിൽ നിന്ന് ഉണ്ടായി. ബിജെപി നേതാവും മുൻ ഉത്തർപ്രദേശ് ഗവർണറുമായ രാം നായിക് ഞായറാഴ്ച അവകാശപ്പെട്ടത് തന്റെ പാർട്ടിക്ക് മസ്ജിദ് തകർക്കുമെന്നതിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു എന്നാണ്. മസ്ജിദ് തകർത്തതിന് ശേഷമാണ് തന്റെ പാർട്ടി അതേക്കുറിച്ച് അറിഞ്ഞത് എന്നും രാം നായിക് അവകാശപ്പെട്ടു.
അതേസമയം “ബാബറി മസ്ജിദ് തകർത്തവരെ സല്യൂട്ട് ചെയ്യുന്നു” എന്നാണ് മുൻ കേന്ദ്രമന്ത്രി ഉമാഭാരതി ഇന്നലെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തത്തതുമായി ബന്ധപ്പെട്ട് മുമ്പും ഉമാഭാരതി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
“ഈ ദിവസം ഓർക്കുമ്പോൾ, എന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായി ഞാൻ അതിനെ ഓർക്കുന്നു.” എന്ന് വാർത്ത ഏജൻസിയായ് ഐഎഎൻഎസുമായുള്ള ആശയവിനിമയത്തിനിടെ രാമജന്മഭൂമി പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ഉമാഭാരതി പറഞ്ഞു.
“ആ കെട്ടിടം തകർത്തവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ ആളുകളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അത് എനിക്ക് അതിശയകരവും അതുല്യവുമായ നിമിഷമായിരുന്നു. ഒന്നാമതായി, ഘടന തകർന്നു, രണ്ടാമതായി, അതിന്റെ തകർച്ച കാരണം, രാമക്ഷേത്രത്തിനായുള്ള വഴിതുറന്നു. നിർമ്മാണം തകർത്തതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന് തറക്കല്ലിടാൻ കഴിഞ്ഞത്. അതിനാൽ ഈ മന്ദിരം തകർത്തവർ സല്യൂട്ട് അർഹിക്കുന്നു,” ഉമാഭാരതി പറഞ്ഞു
തന്റെ ജീവൻ പണയപ്പെടുത്തിയാലും രാമക്ഷേത്രം നിർമ്മിക്കണമെന്ന ചിന്തയോടെയാണ് താൻ ഈ പ്രസ്ഥാനത്തിലേക്ക് കടന്നതെന്ന് ഉമാഭാരതി പറഞ്ഞു. കർസേവകർ ഈ കെട്ടിടം തകർത്തില്ലായിരുന്നുവെങ്കിൽ, പുരാവസ്തു വകുപ്പിന് ഖനനം ചെയ്യാൻ കഴിയുമായിരുന്നില്ല, കോടതിക്ക് ക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകൾ പഠിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. അതിനെ (പള്ളി തകർക്കൽ) ഒരു ക്രിമിനൽ പ്രവർത്തനമായി ഞാൻ കണക്കാക്കുന്നില്ല. ക്രിമിനൽ പ്രവർത്തനത്തിന് മുകളിൽ തറക്കല്ലിടാൻ ഒരു പ്രധാനമന്ത്രിക്കും കഴിയില്ല. 500 വർഷം മുമ്പാണ് കുറ്റകൃത്യം നടന്നത്… ഞങ്ങൾ അത് തിരുത്തി,” ഉമാഭാരതി പറഞ്ഞു.
ബാബറി മസ്ജിദ് തകർത്ത കേസിൽ വർഷങ്ങളോളം തനിക്കെതിരെ നടന്ന വിചാരണയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് കാണുന്നതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു: “ഞങ്ങൾ ആ നിമിഷം സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിച്ചു … എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് ആസ്വദിക്കും, വിചാരണ നേരിട്ടതായി തോന്നിയിട്ടില്ല. അതിനെ അഭിമാനമായി എടുത്തു,” ഉമാഭാരതി പറഞ്ഞു.