രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്.
തൊഴിലാളി വിരുദ്ധ ലേബര്‍ കോടുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സംസ്ഥാനത്തെ ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും.
ബാങ്കുകളുടെ പ്രവര്‍ത്തനം
ദ്വിദിന ദേശീയ പണിമുടക്കില്‍ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം എസ്ബിഐ അറിയിച്ചിരിക്കുന്നത്, പണിമുടക്ക് ദിവസങ്ങളില്‍ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ്. അതേ സമയം തന്നെ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.
കെഎസ്ആര്‍ടിസി അവശ്യസര്‍വീസ്
അവശ്യ സര്‍വീസുകള്‍ അയക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ‘ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ പരമാവധി ക്രമീകരിക്കുന്നതാണ്. പൊലീസ് സഹായത്തോടെയും നിര്‍ദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ അയക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു’ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു.
നിശ്ചലമാവുന്ന മേഖലകള്‍
1.ബസ്,ടാക്‌സി സര്‍വീസുകള്‍
2.ഹോട്ടലുകള്‍,വ്യാപാര സ്ഥാപനങ്ങള്‍
3.ബാങ്ക് സേവനങ്ങള്‍
4.സര്‍ക്കാര്‍ ഓഫീസുകള്‍
5.റേഷന്‍ കടകള്‍
ഇളവുളളത് എന്തിനൊക്കെ….
1.ആശുപത്രി സേവനങ്ങള്‍
2.പാല്‍,പത്രം
3.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
4.ആംബുലന്‍സ്
5.മെഡിക്കല്‍ സ്റ്റോര്‍
6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര
7.ഫയര്‍ റെസ്‌ക്യൂ തുടങ്ങിയ അവശ്യ സര്‍വീസുകള്‍
പണിമുടക്കുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍
1.തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക.
2.അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക
3.കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക
4.കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക
5.പൊതുമേഖലാ സ്വകാര്യവത്കരണം നിര്‍ത്തിവെക്കുക
6.കൊവിഡിന്റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവര്‍ക്കായി പ്രതിമാസം 7500 രൂപ നല്‍കുക
7.തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിക്കുക
8.അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക.