പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്തു, തുടര്‍ന്ന് കോടാലികൊണ്ട് വെട്ടി; പ്രതിയെ കണ്ടെത്തിയത് ഒരു കാല് നഷ്ടപ്പെട്ട നിലയില്‍

രാജസ്ഥാനില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും സഹോദരനെയും കുറ്റാരോപിതനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാജസ്ഥാന്‍ ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തില്‍ സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ഇരുവര്‍ക്കും നേരെ വധശ്രമം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് പീഡന കേസിലെ കുറ്റാരോപിതന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും മൂവര്‍ സംഘം വഴിയില്‍ തടഞ്ഞുനിറുത്തി, തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ അക്രമികള്‍ കോടാലികൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം കോടാലി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. നട്ടെല്ലിന് വെടിയേറ്റ പെണ്‍കുട്ടിയുടെ കൈയിലും കാലിലും തോളിലും വെട്ടേറ്റു. പരിക്കുകളെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Read more

ആക്രമണത്തിന് പിന്നാലെ പ്രതി യാദവിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യാദവിനെ കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചില്ല. ഇയാളെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ഒരു കാല് നഷ്ടമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് പൊലീസിന് സംശയമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.