എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്ത്. യഥാർത്ഥ ഫലം എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. എക്സിറ്റ് പോളല്ല, നടന്നത് മോദി മീഡിയ പോളാണെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ സഖ്യം 295 സീറ്റിന് മുകളില്‍ നേടുമെന്നും ഇന്ത്യ സഖ്യം എക്സിറ്റ് പോളുകളെ അല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. എക്സിറ്റ് പോളില്‍ കണ്ട ഫലമാണ് വരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും അവിശ്വസനീയമായ എക്സിറ്റ് പോളുകളാണ് പുറത്ത് വന്നതെന്നും കെസി പറഞ്ഞു. ഇത്തരത്തിലൊരു അന്തരീക്ഷം തിരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും കെസി പറഞ്ഞിരുന്നു. ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടി വിജയിക്കുമെന്ന് തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞത്.
വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ എക്സിറ്റ് പോള്‍ ഫലത്തെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തിരഞ്ഞെടുപ്പ് ഫലത്തെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തിയിരുന്നു. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 – എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ദേശീയ ശരാശരി ഇങ്ങനെയാണ്.