ദത്തു നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തു നല്‍കി കുഞ്ഞിനെ തിരികെ വേണം എന്ന് ആവശ്യപ്പെട്ട്് സേലം സ്വദേശിയായ ശരണ്യ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേ സമയം ആഴ്ച്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ കാണാനും ഒപ്പം താമസിക്കാനും ശരണ്യയ്ക്ക് കോടതി അനുമതി നല്‍കി.
ഭര്‍ത്താവിന്റെ സഹോദരിയായ സത്യക്കാണ് ശരണ്യ കുഞ്ഞിനെ ദത്തു നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാതിരുന്ന സത്യയ്ക്ക് 2012ലാണ് ശരണ്യയുടെ സമ്മതപ്രകാരം മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദത്ത് നൽകുകയായിരുന്നു. 2019ല്‍ സത്യയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
Read more
കുഞ്ഞിനെ തിരികെ നല്‍കില്ലെന്ന് സത്യ വ്യക്തമാക്കിയതോടെ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഇതോടെ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടർന്ന് കുഞ്ഞിനായി ശരണ്യയും സത്യയും കോടതിയെ സമീപിപ്പിക്കുകയായിരുന്നു. പോറ്റമ്മയെയും പെറ്റമ്മയെയും വേണമെന്നാണ് കുട്ടി കോടതിയില്‍ പറഞ്ഞത്. രണ്ട് അമ്മമാരുടെയും വാദം കേട്ട കോടതി കുട്ടിയെ ഇത്രകാലം വളര്‍ത്തിയ സത്യയോടൊപ്പം തന്നെ കുട്ടി കഴിയട്ടെ എന്ന് വിധിച്ചു. ആഴ്ചയിലൊരിക്കല്‍ കുഞ്ഞിനെ കാണാന്‍ ശരണ്യക്ക് അനുമതി നല്‍കുകയും ചെയ്തു. ജസ്റ്റിസ് പി.എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.