സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദഗതി ബിൽ പാർലമെന്റിൽ നടപ്പുസമ്മേളത്തിൽ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ഉദ്ദേശിച്ചാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രായപരിധി ഉയർത്താൻ ബാലവിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. 1929ൽ പാസാക്കിയ നിയമപ്രകാരം പെൺകുട്ടികൾക്ക് 14 വയസ്സും ആൺകുട്ടികൾക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബിൽ അവതരിപ്പിച്ച ജഡ്ജ് ബിലാസ് ശാരദയുടെ പേരിലായിരുന്നു പിന്നീട് നിയമം അറിയിപ്പെട്ടത്.
1978ൽ ഈ നിയമം ഭേദഗതി ചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സും പുരുഷൻമാരുടേത് 21 വയസ്സുമായി തീരുമാനിക്കുകയായിരുന്നു. 2006ൽ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയിൽ മാറ്റം വന്നിരുന്നില്ല. തുടർന്ന് ഏറെ കാലമായുള്ള ആവശ്യത്തിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ തീരുമാനത്തിലെത്തുന്നത്.
ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമസമതി നൽകിയ ശുപാർശ പ്രകാരമാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ തീരുമാനിച്ചത്. 2020 ജൂണിലാണ് കമ്മീഷനെ കർമസമതിയെ നിയോഗിച്ചത്. നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, ഡോ. വി.കെ പോൾ, ആരോഗ്യ, വനിതാ ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും ഉന്നത വിദ്യാഭ്യാസ, സ്കൂൾവിദ്യാഭ്യാസ, സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരാണ് സമിതയിലെ അംഗങ്ങൾ.