രാജസ്ഥാനില്‍ ബജറ്റ് അവതരണത്തിന് ശേഷം എം.എല്‍.എമാര്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കി അശോക് ഗെഹലോട്ട് സര്‍ക്കാര്‍. സംഭവം വിവാദമായതോടെ ഫോണുകള്‍ തിരികെ നല്‍കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി എം.എല്‍എമാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് എല്ലാ ബിജെപി എം.എല്‍.എമാരും ഫോണുകള്‍ തിരികെ നല്‍കുമെന്ന് തീരുമാനിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ അറിയിച്ചു.
ബുധനാഴ്ചയാണ് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് ശേഷം 200 എം.എല്‍.എമാര്‍ക്കും ഐഫോണ്‍ 13 സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം എം.എല്‍.എമാര്‍ക്ക് ബജറ്റിന്റെ പകര്‍പ്പിനൊപ്പം ഐപാഡുകള്‍ സമ്മാനിച്ചിരുന്നു. 75,000 മൂതല്‍ ഒരു ലക്ഷം രൂപ വരെ വില വരുന്ന ഫോണുകളാണ് നല്‍കിയിരിക്കുന്നത്.
സമ്മാനം നല്‍കിയ വകയില്‍ സംസ്ഥാനത്തിന് ഏകദേശം 1.5 കോടി രൂപയുടെ ചെലവാണ് വന്നത്. എന്നാല്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ഐഫോണുകള്‍ തിരികെ നല്‍കുമെന്ന് ബിജെപി പറഞ്ഞു. 200 അംഗ സഭയില്‍ ബി.ജെ.പിക്ക് 71 എം.എല്‍.എമാരാണ് ഉള്ളത്.
കോവിഡ് തരംഗത്തിനിടിയില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഐഫോണുകള്‍ വിതരണം ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനിലെ റീറ്റ് ചോര്‍ച്ച കേസിലും, അല്‍വാര്‍ ബലാത്സംഗ കേസിലും ഉള്‍പ്പടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന ബി.ജെ.പി എം.എല്‍.എമാര്‍ ഐഫോണുകള്‍ സ്വീകരിച്ചതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ഫോണിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയയും ഉപനേതാവ് രാജേന്ദ്ര റാത്തോഡും മറ്റ് എം.എല്‍.എമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഐഫോണ്‍ തിരികെ നല്‍കുമെന്ന് ബി.ജെ.പി അറിയിച്ചത്.