ബ്രിഗേഡിയര്‍ ലിഡ്ഡറുടെ ഭൗതിക ശരീരം സംസ്‌കരിച്ചു, ജനറല്‍ ബിപിന്‍ റാവത്തിന്റെ വസതിയില്‍ പൊതുദര്‍ശനം, ആദരം അര്‍പ്പിച്ച് രാജ്യം

കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡ്ഡറുടെ ഭൗതികശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. ധീര ജവാന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കരസേന മേധാവി എംഎം നരവണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവരും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അന്തിമോപചാരം അര്‍പ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുല സ്വദേശിയാണ് ബ്രിഗേഡിയര്‍ ലിഡ്ഡെര്‍. പാര്‍ലമെന്റിലെ മിലിട്ടറി കാര്യ വകുപ്പില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഡിഫന്‍സ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മേജര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ ചുമതല ഏറ്റെടുക്കാനിരിക്കെയാണ് ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ചത്. ബിപിന്‍ റാവത്തിന്റെ സ്റ്റാഫ് അംഗമായുള്ള അവസാനത്തെ ചടങ്ങില്‍ പങ്കെടുക്കാനായാണ് വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്. 1990 ലായിരുന്നു അദ്ദേഹം ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖിസ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളായിരുന്നു ലിഡ്ഡര്‍. സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അതേസമയം അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. 1.30 ന് ശേഷം ഡല്‍ഹി കന്റോണ്‍മെന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. ഇവരുടേയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങള്‍ മാത്രമാണ് ഇതു വരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയിലാണ് സൂക്ഷിക്കുക.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വെച്ച് സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. 13 പേരാണ് മരിച്ചത്. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെട്ടിരുന്നു. ഒഴിവിന് നാട്ടില്‍ വന്ന ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായാണ് അറിയുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹിയിലെത്തിച്ച മൃതദേഹങ്ങള്‍ കാണാനായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ എല്ലാം എത്തിയിരുന്നു. ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശന ശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വ്യോമ താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടു മണിയോടെ സുലൂര്‍ വ്യോമ താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ പാലം എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നു. സൈനികരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് കുടുംബാംഗങ്ങള്‍ കണ്ണീരോടെ വിട ചൊല്ലി. കൃത്യം ഒന്‍പത് മണിയോടെ പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിക്കാനായി പാലം വിമാനത്താവളത്തിലെത്തി, ജനറല്‍, ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആദരമായി പുഷ്പചക്രം അര്‍പ്പിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു