കൊടുംതണുപ്പില്‍ കുട്ടിയെ ഷര്‍ട്ടില്ലാതെ നടത്തിച്ചു; രാഹുലിനെതിരെ വിമര്‍ശനം

കൊടുംതണുപ്പില്‍ കൊച്ചുകുട്ടിയെ ഷര്‍ട്ടില്ലാതെ ഭാരത് ജോഡോ യാത്രയില്‍ നടത്തിച്ചതിന് എതിരെ വ്യാപക വിമര്‍ശനം. സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ മാതൃകയിലുള്ള വേഷം അണിയിച്ചാണ് കുട്ടിയെ ഷര്‍ട്ടിടാതെ മുണ്ട് മാത്രം ധരിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം നടത്തിച്ചത്.

ബിജെപി ദേശീയ നേതാക്കള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പില്‍ കൊച്ചു കുട്ടിയെ ഷര്‍ട്ടും ജാക്കറ്റും ധരിപ്പിക്കാതെ നടത്തിക്കാന്‍ നാണമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ ട്വീറ്റ് ചെയ്തു.

കൊടും തണുപ്പില്‍ ഷര്‍ട്ടും ടീ ഷര്‍ട്ടും ധരിക്കാതെ കുട്ടിയുമായി രാഹുല്‍ ഗാന്ധി നടന്നതിനെതിരെ അഭിഭാഷകയായ ചാന്ദ്നി പ്രീതി വിജയകുമാര്‍ ഷായും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് കത്തെഴുതി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒരു കുട്ടിയുടെ അവകാശം ലംഘിച്ചത് ശരിയായില്ലെന്നും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അഭിഭാഷക പറഞ്ഞു.

Read more

ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് അണികള്‍ അഭിപ്രായപ്പെട്ടു.