മാര്‍പാപ്പയുടെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിലും മണിപ്പുരില്‍ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; സിബിസിഐ ഉറപ്പുമായി മോദി

മാര്‍പാപ്പയുടെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിലും മണിപ്പുരില്‍ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(സിബിസിഐ).

മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം എത്രയും വേഗം പ്രാവര്‍ത്തികമാക്കാനും ഫലവത്തായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(സിബിസിഐ) ആവശ്യപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.

ദളിത്, ആദിവാസി ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കണമെന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.

Read more

പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാര്‍ തോമസ്, സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.