കെജ്‌രിവാളിനെ വിടാതെ കേന്ദ്രം; 'ആഡംബര വസതി'യിൽ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ ഉത്തരവിട്ടു

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻറെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നാൽപ്പതിനായിരം സ്ക്വയർഫീറ്റിൽ 8 ഏക്കറിലായി നിർമ്മിച്ച വസതി ആഡംബര വസ്തുക്കളുപയോ​ഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ പരാജയത്തിന് പിന്നാലെ കെജ്‌രിവാളിന്റെ കുരുക്ക് മുറുക്കുകയാണ് കേന്ദ്ര സർക്കാർ.

2015 മുതൽ 2024 ഒക്ടോബർ വരെ കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയായിരുന്നു ഇത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം കെജ്‌രിവാൾ ഇവിടം ഒഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്‌രിവാളിന്റെ ആഡംബര വസതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കെജ്‌രിവാൾ തള്ളിക്കളഞ്ഞിരുന്നു. അഴിമതി, പൊതു ഫണ്ട് ദുരുപയോഗം എന്നീ ആരോപണങ്ങൾ രണ്ട് വർഷത്തിലേറെയായി ബിജെപി കെജ്‌രിവാളിനെതിരെ നിരന്തരം ഉപയോഗിക്കുന്നതാണ്.

Read more