നിയുക്ത എംപിയും ബോളിവുഡ് താരവുമായ കങ്കണ റാണവത്തിന്റെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അറസ്റ്റിൽ. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡൽഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഢ് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ കങ്കണയെ അടിച്ചത്. സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം അടിയേറ്റതിന് പിന്നാലെ പഞ്ചാബികൾക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ കങ്കണക്കെതിരെ അകാലിദൾ എംപി രംഗത്തുവന്നു. എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഭിട്ടിൻഡയിൽ നിന്നുള്ള എംപിയായ ഹർസിമ്രത് കൗർ ബാദൽ ആണ് വിവാദ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്.
‘കർഷകരുടെ പരാതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. പഞ്ചാബികളെ ഭീകരവാദി, തീവ്രവാദി എന്നിങ്ങനെ മുദ്രകുത്താൻ ആരെയും അനുവദിക്കരുത്. പഞ്ചാബികൾ രാജ്യസ്നേഹത്തിൽ മുൻപന്തിയിലാണ്. അവർ അതിർത്തികളിൽ ഭക്ഷണ ദാതാക്കളായി രാജ്യത്തെ സേവിക്കുന്നവരാണ്. ഞങ്ങൾ കൂടുതൽ പരിഗണന അർഹിക്കുന്നു’- ബാദൽ എക്സ് പോസ്റ്റിൽ വിശദമാക്കി.
സംഭവത്തിന് ശേഷം ഡൽഹിയിലെത്തിയ കങ്കണ പ്രതികരിച്ചിരുന്നു. താൻ സുരക്ഷിതയാണെന്നും പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ‘സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എൻ്റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകൾ പറയാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവർ കർഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബിൽ ഭീകരത വളരുകയാണ്. പഞ്ചാബിൽ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ട്’- കങ്കണ വീഡിയോയിൽ പറഞ്ഞു.
2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുൽവീന്ദർ കൗർ പറഞ്ഞിരുന്നു. കങ്കണ ഇത് പറയുമ്പോൾ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ പറഞ്ഞു. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിച്ചിരുന്നു. കർഷക കുടുംബത്തിൽ നിന്നും വരുന്നയാളാണ് കുൽവീന്ദർ കൗർ. കുൽവീന്ദർ കൗറിന്റെ സഹോദരനും കർഷകനാണ്.