വിവാഹത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ദമ്പതികള്‍, അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വിവാഹ ചടങ്ങിനിടെ ആകാശത്തേക്ക് വെടിവെച്ച് ആഘോഷം. വിവാഹ ചടങ്ങില്‍ തോക്ക് പിടിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആകാശത്തേക്ക് വെടിവെച്ച ശേഷം വരനും വധുവും പുഞ്ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്കിടയിലെ ഇത്തരം വെടിവെയ്പ്പുകള്‍ സാധാരണമാണ്. നിരവധി തവണ ആളപായവും, പൊലീസ് നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുകയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിയുതിര്‍ത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയുടെ കിഴക്കന്‍ പശ്ചിം വിഹാറിലെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് വായുവിലേക്ക് വെടിയുതിര്‍ത്തത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആളുകളെ തിരിച്ചറിയുകയായിരുന്നു. ജൂലൈയില്‍ ഗാസിയാബാദില്‍ തന്നെ ഒരു ബാച്ചിലേഴ്‌സ് പാര്‍ട്ടി ആഘോഷത്തിനിടെ 26 കാരനായ ഒരാള്‍ വെടിയേറ്റ് മരിച്ചിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വെടിവെയ്പ്പുകള്‍ സൃഷ്ടിക്കുന്ന അപകടസാദ്ധ്യതകള്‍ തടയുന്നതിനായി, കേന്ദ്രം 2019 ഡിസംബറില്‍ ആയുധ നിയമം ഭേദഗതി ചെയ്യുകയും രണ്ട് വര്‍ഷത്തെ തടവും പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റുകയും ചെയ്തിരുന്നു. പൊതുയോഗങ്ങള്‍, മതസ്ഥലങ്ങള്‍, വിവാഹങ്ങള്‍ അല്ലെങ്കില്‍ മറ്റ് ചടങ്ങുകള്‍ നടക്കുന്ന ഇടങ്ങളില്‍ ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് പോലും ആഘോഷപൂര്‍വ്വം വെടിവെയ്ക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ലെങ്കിലും അത് ക്രിമിനല്‍ കുറ്റമാണ്.

ഈ അടുത്ത കാലത്ത് വധൂവരന്മാര്‍ ഉള്‍പ്പെടെയുള്ള നിരവധി നിരപരാധികള്‍ക്ക് ഇത്തരത്തില്‍ പരിക്ക് പറ്റുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ബോധവത്കരണം നടത്തിയിട്ടും ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി പൊലീസ് ആരോപിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.