ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഒരു കോച്ചില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും അധികം ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. വിഷയത്തില്‍ കോടതി കേന്ദ്രത്തില്‍ നിന്നും റെയില്‍വേയില്‍ നിന്നും മറുപടി തേടി.
കോച്ചുകളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും അധികാരമില്ലാതെ പ്രവേശിക്കുന്നവരെ ശിക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
Read more
റെയില്‍വേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വില്‍പ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണം ബര്‍ത്തുകളുടെ എണ്ണത്തേക്കാള്‍ വര്‍ദ്ധിച്ചത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. റെയില്‍വേയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും റെയില്‍വേ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പറഞ്ഞു. കേസില്‍ വീണ്ടും മാര്‍ച്ച് 26ന് കോടതി വാദം കേള്‍ക്കും.