സുപ്രീം കോടതിയില്‍ പ്രതിസന്ധി തുടരുന്നതായി എജി

പരമോന്നത കോടതിയില്‍ പ്രതിസന്ധി തുടരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ഇതു വരെ സുപ്രീം കോടതിയിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എജി ഇതു പറഞ്ഞത്.

ഇന്നലെ എജി കോടതിയിലെ പ്രശ്‌നം പരിഹരിച്ചതായി അവകാശപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റീസിനു എതിരെ വിമര്‍ശനം ഉന്നിയിച്ച നാലു സീനിയര്‍ ജഡ്ജിമാരും അദ്ദേഹത്തെ കാണുമെന്നു പ്രതീക്ഷിക്കുന്നതായി എജി അറിയിച്ചിരുന്നു. പക്ഷേ ഇതു നടക്കാതെ വന്നതോടെയാണ് രണ്ടു ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നു എജി അറിയിച്ചത്.

Read more

കുറച്ച് ദിവസം മുമ്പ് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.