കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ആശംസ നേര്‍ന്ന് ശശി തരൂര്‍. പാര്‍ട്ടിയുടെ പുനരുജ്ജീവനം തുടങ്ങുന്ന ദിവസമാണിതെന്ന് പറഞ്ഞ തരൂര്‍ ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തമെന്ന് ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തിയ തരൂരിനെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നിയമിക്കാനാണ് സാദ്ധ്യത.
തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെ 7897 വോട്ടുകള്‍ നേടി. തരൂരിന് 1072 വോട്ട് നേടാനായി.12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.
ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.