തമിഴ്‌നാട്ടില്‍ സൗജന്യമായി മട്ടണ്‍ നല്‍കാത്തതിന്റെ പേരില്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരന്‍. തമിഴ്‌നാട് തേനിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. മണിയരശന്‍ എന്നയാളുടെ സംഗീത മട്ടണ്‍സ്റ്റാളിന് മുന്നിലാണ് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇറച്ചിയ്ക്ക് ഉയര്‍ന്ന വിലയാണെന്നും സൗജന്യമായി നല്‍കാനാവില്ലെന്നും കടയുടമ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു. ഇയാള്‍ ഇതേ ഇറച്ചിക്കടയില്‍ നാലുവര്‍ഷം മുമ്പ് ജോലിചെയ്തിരുന്നു.
Read more
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.