‘തിരഞ്ഞെടുപ്പ് കമ്മീഷന് മോദിയോട് അമിത കരുതൽ’; നോട്ടിസിന് മറുപടി നൽകും: ജയറാം രമേശ്

തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തത്. മോദിക്കെതിരായ പരാതികളിൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷൻ്റെ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോൾ വിഷമവൃത്തത്തിലാണെന്നും നുണകളിൽ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും ജയറാം രമേശ് പറഞ്ഞു.

Jayaram ramesh Live

Read more

പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശ് പ്രതികരണവുമായി രംഗത്തെത്തിയത്. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നരേന്ദ്രമോദിയോട് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിലാണ് കമ്മീഷന്റെ നടപടി. അതേസമയം തിങ്കളാഴ്‌ചയ്ക്കകം പാർട്ടി അധ്യക്ഷൻമാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. രാഹുൽ പ്രസംഗങ്ങളിലൂടെ ‘തെക്ക്-വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് കമ്മിഷന്റെ നടപടി.