ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രസകരമായ ഏറെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. പശ്ചിമ ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഏറ്റുമുട്ടുന്നത് മുന്‍ ഭാര്യയും ഭര്‍ത്താവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കൗതുകകരമായി മാറുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ സൗമിത്ര ഖാന്റെ മുന്‍ ഭാര്യയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് സൗമിത്ര ഖാനും മുന്‍ ഭാര്യയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ സുജാത മണ്ഡലും വേര്‍പിരിയുന്നത്. സുജാത തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കളം മാറ്റിയതോടെയായിരുന്നു ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് വിരാമമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സൗമിത്ര ഖാന്‍ 2019ല്‍ ആണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്.