ശമ്പളവും ആനുകൂല്യങ്ങളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണവും പവന്‍ കല്യാണ്‍ നിരാകരിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പവന്‍ കല്യാണ്‍ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
സഭയില്‍ ഹാജരാകുന്നതിന് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചിരുന്നു. മൂന്ന് ദിവസം സഭയില്‍ ഹാജരാകുന്നതിന് 35000 രൂപ ശമ്പളമാണ് ലഭിക്കുക. എന്നാല്‍ സഭയില്‍ ഹാജരാകുന്നതിന് തനിക്ക് പ്രതിഫലം വാങ്ങാനാവില്ലെന്നും പറഞ്ഞ പവന്‍ കല്യാണ്‍ തന്റെ വകുപ്പായ പഞ്ചായത്ത് രാജിന് മതിയായ ഫണ്ടില്ലെന്നും അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുന്നതിനാലാണ് തീരുമാനമെന്ന് പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പ് ഓഫീസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും താന്‍ നിരസിച്ചതായി പവന്‍ കല്യാണ് അറിയിച്ചു. ഫര്‍ണിച്ചറുകള്‍ ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്ന് താന്‍ അറിയിച്ചതായും പവന്‍ പറഞ്ഞു.