ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി രാജ്യത്തിന്റെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കര -നാവിക -വ്യാമ സേനകളുടെ ചുമതലകൾ കൂടാതെ പ്രധാനമന്ത്രി അധ്യക്ഷനായ ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ സൈനിക ഉപദേഷ്ടാവായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആണ് പ്രവർത്തിക്കുക.
കരസേന, നാവികസേന, വ്യോമസേന മേധാവികൾക്ക് അവരുടെ സേനയുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ട് എന്നതിനാൽ തന്നെ ഒരു പുതിയ സിഡിഎസ്-നെ ഉടനടി നിയമിക്കുന്നതിന് പ്രവർത്തനപരമായ അടിയന്തിര ആവശ്യം നിലവിൽ ഇല്ല. എന്നാൽ വിരമിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ബുധനാഴ്ച Mi-17V5 ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ റാവത്തിന്റെ “പൂർത്തിയാകാത്ത ജോലി” വിജയകരമായി മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
പുതിയ സിഡിഎസിന്റെ നിർണായക ചുമതലകളിലൊന്ന് നാല് പുതിയ ഏകീകൃത കമാൻഡുകൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുക എന്നതാണ്: ഇന്റഗ്രേറ്റഡ് മാരിടൈം തിയറ്റർ കമാൻഡ് (എംടിസി), എയർ ഡിഫൻസ് കമാൻഡ് (എഡിസി), പാകിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളെ ചെറുക്കുന്നതിനായുള്ള രണ്ട് കര അധിഷ്‌ഠിത കമാൻഡുകൾ എന്നിവയാണ് ഇവ. ജനറൽ റാവത്ത് ഇതിനകം ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
“പുതിയ സിഡിഎസ് നിയമനത്തിനുള്ള പ്രാരംഭ കൺസൾട്ടേഷൻ നടപടികളും ഫയൽ വർക്കുകളും ആരംഭിച്ചു. ഒരു സിഡിഎസ് നിയമനത്തിന് അദ്ദേഹത്തിന് 65 വയസ്സ് വരെ സേവനമനുഷ്ഠിക്കാം എന്നതൊഴിച്ചാൽ രേഖാമൂലമുള്ള നിയമങ്ങളൊന്നുമില്ല. മുമ്പ് ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. മെറിറ്റും സീനിയോറിറ്റിയും അടിസ്ഥാനമാക്കി സർക്കാർ ഉടൻ തീരുമാനമെടുക്കും,” എന്ന് ഒദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
2019 ഡിസംബർ 31-ന് ജനറൽ റാവത്തിൽ നിന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത വർഷം ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ്. ഇദ്ദേഹത്തെ അടുത്ത സി.ഡി.എസ് ആയി സർക്കാർ പരിഗണിക്കുന്നുണ്ട്.
നിലവിലെ ഐഎഎഫ്, നാവികസേനാ മേധാവികൾ ജനറൽ നരവാനെയേക്കാൾ രണ്ട് വർഷം ജൂനിയറാണ്. എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ഈ വർഷം സെപ്റ്റംബർ 30 ന് ചുമതലയേറ്റപ്പോൾ അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ നവംബർ 30 നാണ് ചുമതലയേറ്റത്.
Read more
ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും പ്രതിരോധ മന്ത്രാലയത്തിലെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സിഡിഎസിനെ, നിലവിലെ മൂന്ന് സർവീസ് മേധാവികളിൽ നിന്നായിരിക്കും സ്വാഭാവികമായും നിയമിക്കുക.