വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി 143 ഇനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍. ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയ്ക്ക് കീഴിലുള്ള നിര്‍ദ്ദിഷ്ട നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായാണഅ പുതിയ നടപടി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം തേടി. ഈ 143 ഇനങ്ങളില്‍ 92 ശതമാനവും 18 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയെ 28 ശതമാനം സ്ലാബിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പപ്പഡ്, ശര്‍ക്കര, പവര്‍ ബാങ്കുകള്‍, വാച്ചുകള്‍, സ്യൂട്ട്കേസുകള്‍, ഹാന്‍ഡ്ബാഗുകള്‍, പെര്‍ഫ്യൂമുകള്‍/ഡിയോഡറന്റുകള്‍, കളര്‍ ടിവി സെറ്റുകള്‍ (32 ഇഞ്ചില്‍ താഴെ), ചോക്ലേറ്റുകള്‍, ച്യൂയിംഗ് ഗംസ്, വാല്‍നട്ട്, കസ്റ്റാര്‍ഡ് പൗഡര്‍, നോണ്‍-ആല്‍ക്കഹോള്‍ പാനീയങ്ങള്‍, സെറാമിക് സിങ്കുകള്‍, വാഷ് ബേസിനുകള്‍, കണ്ണടകള്‍, കണ്ണടകള്‍/കണ്ണടകള്‍ക്കുള്ള ഫ്രെയിമുകള്‍, തുകല്‍കൊണ്ടുള്ള വസ്ത്രങ്ങള്‍, മറ്റ് തുണിത്തരങ്ങള്‍ എന്നിവയെല്ലാം നിരക്ക് വര്‍ദ്ധന വരുന്നവയില്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 2017 നവംബറിലും 2018 ഡിസംബറിലും കൗണ്‍സില്‍ എടുത്ത നിരക്ക് വെട്ടിക്കുറയ്ക്കല്‍ തീരുമാനങ്ങളുടെ നേരെ വിപരീതമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
പെര്‍ഫ്യൂമുകള്‍, തുകല്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, ചോക്ലേറ്റുകള്‍, കൊക്കോ പൗഡര്‍, ബ്യൂട്ടി, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍, പടക്കങ്ങള്‍, പ്ലാസ്റ്റിക്കുകളുടെ ഫ്‌ലോര്‍ കവറുകള്‍, വിളക്കുകള്‍, ശബ്ദ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍, കവചിത ടാങ്കുകള്‍ തുടങ്ങിയ ഇനങ്ങളുടെ നിരക്കുകള്‍ 2017 നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന യോഗത്തില്‍ കുറച്ചിരുന്നു. ഇവയുടെ നിരക്കാണ് വീണ്ടും ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കളര്‍ ടിവി സെറ്റുകള്‍, മോണിറ്ററുകള്‍ (32 ഇഞ്ചില്‍ താഴെയുള്ളത്), ഡിജിറ്റല്‍, വീഡിയോ ക്യാമറ റെക്കോര്‍ഡറുകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ 2018 ഡിസംബറിലെ മീറ്റിങില്‍ കുറച്ചതും പിന്‍വലിച്ചേക്കും. പപ്പടം, ശര്‍ക്കര തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ പൂജ്യത്തില്‍ നിന്ന് 5 ശതമാനം നികുതി സ്ലാബിലേക്ക് മാറിയേക്കാം.
തുകല്‍ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും, വാച്ചുകള്‍, റേസറുകള്‍, പെര്‍ഫ്യൂമുകള്‍, പ്രീ-ഷേവ്/ആഫ്റ്റര്‍ ഷേവ് തയ്യാറെടുപ്പുകള്‍, ഡെന്റല്‍ ഫ്‌ലോസ്, ചോക്ലേറ്റുകള്‍, വാഫിള്‍സ്, കൊക്കോ പൗഡര്‍, കാപ്പിയുടെ എക്‌സ്ട്രാക്റ്റുകളും കോണ്‍സെന്‍ട്രേറ്റുകളും, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍/ഷോപ്പിംഗ് ബാഗുകള്‍, എന്നിവയും സെറാമിക് സിങ്കുകള്‍, വാഷ് ബേസിനുകള്‍, പ്ലൈവുഡ്, വാതിലുകള്‍, ജനാലകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ (സ്വിച്ചുകള്‍, സോക്കറ്റുകള്‍ മുതലായവ) എന്നീ നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തിയേക്കും.
വാല്‍നട്ടിന്റെ ജിഎസ്ടി നിരക്ക് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും കസ്റ്റാര്‍ഡ് പൗഡറിന് 5 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും മരംകൊണ്ടുള്ള മേശ, അടുക്കള സാധനങ്ങള്‍ എന്നിവയ്ക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും വര്‍ദ്ധിച്ചേക്കും. നിരക്ക് മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങളോട് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.