അധീര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. ഇതിന് പിന്നാലെ സഭയുടെ അകത്തും പുറത്തും നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.താന്‍ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയ ഗാന്ധിയെ പ്രകോപിപ്പിച്ചു.
മുതിര്‍ന്ന ബി.ജെ.പി എം.പി രമാ ദേവിയോട് സോണിയ സംസാരിക്കുന്നതിനിടെയാണ് സംഭവം. ‘അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിരുന്നു. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?’ എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാല്‍ ഇതിനിടെ സ്മൃതി ഇറാനി ഇടയില്‍ കയറി ”മാഡം ഞാന്‍ നിങ്ങളെ സഹായിക്കട്ടെ” എന്നു സോണിയയോട് പറഞ്ഞു. എന്നോട് സംസാരിക്കരുതെന്നായിരുന്നു സോണിയയുടെ മറുപടി.
അതേത്തുടര്‍ന്ന് സോണിയോട് സ്മൃതി ഇറാനി മോശമായി പെരുമാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു.”കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ലോക്‌സഭയില്‍ അപമര്യാദയായി പെരുമാറി. എന്നാല്‍ സ്പീക്കര്‍ അതിനെ അപലപിക്കുമോ? നിയമങ്ങള്‍ പ്രതിപക്ഷത്തിന് മാത്രം” ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം സോണിയാ ഗാന്ധി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനിയും ആരോപണമുന്നയിച്ചു. ബി.ജെ.പി എം.പിമാരെ സോണിയ ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു.