ഐഎഎസ് കോച്ചിംഗ് സെന്ററില്‍ മൂന്ന് പേര്‍ മരിച്ച സംഭവം; സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലുണ്ടായ വെള്ളക്കെട്ടില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെയും കോ ഓര്‍ഡിനേറ്ററെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലാണ് വെള്ളം കയറി മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.

അറസ്റ്റിലായ സ്ഥാപന ഉടമയ്ക്കും കോ ഓര്‍ഡിനേറ്റര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തെ കുറിച്ച് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മൂന്ന് പേരും മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍.

തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണ് സംഭവത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യുവും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു.

കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു.

ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ വിമര്‍ശനം ഉന്നയിച്ച് സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി.