മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ, പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം; കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിൽ

കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മെഡിക്കൽ കോളജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളുടെ പ്രവർത്തികൾ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കൽ കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇയാൾ എത്തിയിരുന്നുമെന്നുമാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് അർധനഗ്നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ട്രെയിനി ഡോക്ടർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ മർദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സംഭവം പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കൊൽക്കത്തയിലുണ്ടായത്. സംഭവത്തിൽ ആർജി കാറിലെ ജൂനിയർ ഡോക്ടർമാരും നഴ്‌സിങ് സ്റ്റാഫും പ്രതിഷേധം ആരംഭിച്ചിരുന്നു. ആശുപത്രി പരിസരത്ത് ഇവർ പ്രകടനവും നടത്തി. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പുലർച്ചെ 2 മണിക്ക് ജൂനിയർ ഡോക്ടർമാർക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം ട്രെയിനി ഡോക്ടർ സെമിനാർ ഹാളിലേക്ക് വിശ്രമിക്കാൻ പോയെന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ രക്ഷിതാക്കളോട് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Read more