മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഉജ്ജയിനിയില്‍ ഓട്ടോ ഡ്രൈവറായ രാകേഷ് ആണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ 24ന് മധ്യപ്രദേശിലെ സ്തനയില്‍ നിന്ന കാണാതായ പെണ്‍കുട്ടിയാണ് ഉജ്ജയിനിയില്‍ ബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ ഉജ്ജയിനിയിലെ ബാദ്‌നഗര്‍ റോഡിന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവര്‍ രാകേഷ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ജീവന്‍ഖേരിയ്ക്ക് സമീപം പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലായത്.
ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ നിന്ന് ചോരക്കറയും കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ വിശദമായ ഫോറന്‍സിക് പരിശോധന നടത്തി വരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി തെരുവിലൂടെ അര്‍ദ്ധ നഗ്നയായി ചോരയൊലിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
എന്നാല്‍ പ്രദേശവാസികളാരും പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല. ചിലര്‍ പെണ്‍കുട്ടിയെ ആട്ടി പായിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒടുവില്‍ സമീപത്തുള്ള ആശ്രമത്തിലെത്തി സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയെ ആശ്രമത്തിലെ പൂജാരിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേ സമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.