ഉത്തരാഖണ്ഡ് സില്‍ക്യാര ടണലില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഓഗര്‍ മെഷീന്‍ പൂര്‍ണ്ണമായും തകര്‍ന്നതിന് പിന്നാലെ മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയെ നിയോഗിക്കാന്‍ പദ്ധതി. സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് ദിവസം പൂര്‍ത്തിയാകുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഓഗര്‍ മഷീന്‍ പൂര്‍ണ്ണമായും തകര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിയത്.
ഇതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടാന്‍ ആലോചിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ് സാപ്പേഴ്‌സ് എഞ്ചിനീയറിംഗ് വിഭാഗമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. 10 മുതല്‍ 15 മീറ്റര്‍ വരെ ആര്‍മിയെ ഉപയോഗിച്ച് ഡ്രില്ലിംഗ് നടത്താനാണ് പദ്ധതി. എന്നാല്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഡ്രില്ലിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും മരുന്നുകളുമെല്ലാം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് വിളിക്കാന്‍ ലാന്റ് ഫോണുകള്‍ തയ്യാറാക്കുമെന്നും ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.