മൂത്രക്കല്ലിന് ചികിത്സിക്കാനെത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്തു; ആരോഗ്യനില വഷളായതോടെ കൈയൊഴിഞ്ഞ് ആശുപത്രി

മൂത്രക്കല്ലിന് ചികിത്സയ്‌ക്കെത്തിയ യുവതിയുടെ വൃക്കം നീക്കം ചെയ്തു. വൃക്ക നീക്കം ചെയ്തതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായിട്ടുണ്ട്. രാജസ്ഥാനിലെ നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന 30കാരിയുടെ വൃക്കയാണ് നീക്കം ചെയ്‌തെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ഡോ സഞ്ജയ് ധന്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ധന്‍ഖര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

അതേസമയം ഡോ സഞ്ജയ് ധന്‍ഖര്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ ശസ്ത്രക്രിയ ശരിയായി തന്നെയാണ് നടത്തിയതെന്നും തനിക്ക് തെറ്റ് സംഭവിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. യുവതിയ്ക്ക് മൂത്രക്കല്ല് മൂലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

കല്ലുകള്‍ അധികമായത് കാരണം ഇടത് വൃക്ക തകരാറിലായെന്നും ഉടന്‍ അത് നീക്കം ചെയ്യണമെന്നും ഡോക്ടര്‍ യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ കുടുംബം ശസ്ത്രക്രിയയ്ക്ക് തയ്യാറായി. ധന്‍ഖര്‍ ആശുപത്രിയില്‍ വച്ച് മെയ് 15ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

എന്നാല്‍ യുവതിയുടെ ഇടത് വൃക്കയ്ക്ക് പകരം വലത് വൃക്ക നീക്കം ചെയ്തതായാണ് കുടുംബത്തിന്റെ പരാതി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോ സഞ്ജയ് ധന്‍ഖര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് അയച്ചു. തുടര്‍ന്നാണ് വൃക്ക നീക്കം ചെയ്തതിലെ അപാകത പുറത്തറിയുന്നത്.

Read more

സംഭവം പുറംലോകം അറിഞ്ഞതോടെ യുവതിയ്ക്ക് പണം വാഗ്ദാനം ചെയ്ത് സഞ്ജയ് ധന്‍ഖര്‍ കുടുംബത്തെ സമീപിച്ചു. എന്നാല്‍ കുടുംബം പണം നിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.