ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞു; ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് സാദ്ധ്യത. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മിനിറ്റില്‍ താഴെ മാത്രമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിച്ചത്. പ്രതിപക്ഷ എംപിമാര്‍ കറുപ്പണിഞ്ഞ് വിജയ് ചൗക്കിലേക്ക് പ്രകടനം നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

അദാനി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരമില്ലെന്നും ഉടന്‍ മറുപടി പറയേണ്ടി വരുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ വിധി സമ്പാദിക്കാന്‍ ഗുജറാത്തില്‍ കേസ് കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read more

അതേസമയം, അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി അപ്പീല്‍ നല്‍കും. ഇന്നോ നാളെയോ സൂറത്ത് സെഷന്‍സ് കോടതിയില്‍ പാര്‍ട്ടി അപ്പീല്‍ നല്‍കും. രാഹുലിനായി മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രംഗത്തിറങ്ങും. ഇതേ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍നിന്ന് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയേറ്റത് അഭിഭാഷക സംഘത്തിന് വെല്ലുവിളിയാണ്.