ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഒരു ഉന്നത ഉദ്യോഗസ്ഥൻ, താൻ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നതായി ആരോപിച്ചു. ആര്യൻ ഖാന്റെ അറസ്റ്റിലേക്ക് നയിച്ച, ഈ മാസം ആദ്യം മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നടന്ന റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
തങ്ങൾ നിരീക്ഷിക്കപ്പെടുന്നതായി സമീർ വാങ്കഡെയും സീനിയർ ഓഫീസർ മുത്ത ജെയിനും മഹാരാഷ്ട്ര പൊലീസ് മേധാവിയെ കണ്ട് പരാതി നൽകി. ചിലർ തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതായി ഉദ്യോഗസ്ഥൻ പരാതിപ്പെട്ടിട്ടുണ്ടെന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു.
സമീർ വാങ്കഡെയുടെ അമ്മയെ അടക്കം ചെയ്ത അദ്ദേഹം പതിവായി സന്ദർശിക്കാറുള്ള സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തിയ രണ്ടുപേർ കൈവശപ്പെടുത്തിയതായി ആരോപണമുണ്ട്.
വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും വാങ്കഡെ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മൂന്നാം തവണയും ആര്യൻ ഖാന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിന്തുടരാൻ മറ്റ് പ്രതികളുമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഏജൻസി വാദിച്ചു.
ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റും മറ്റ് ആറ് പേരും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഏജൻസി ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല, എന്നാൽ അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ കുറ്റകരമാണെന്ന് ആരോപിച്ചു.