വ്യാപനം രൂക്ഷം, രാജ്യത്ത് 407 ജില്ലകളില്‍ ടി.പി.ആര്‍ ഉയര്‍ന്ന് തന്നെ, നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. നിലവില്‍ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഈ സ്ഥിതി ഗൗരവതരമാണെന്നും അതിനാലാണ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്ത്രര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ടി.പി.ആര്‍ കൂടിയ ഇടങ്ങളില്‍ പ്രാദേശികമായ നിയന്ത്രണം ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശ നല്‍കിയിരുന്നു. രാജ്യത്ത് 22 ലക്ഷത്തിലധികം സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതും, കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നു എന്നതും ആശ്വാകരമാണ്. എന്നാല്‍ ടി.പി.ആര്‍ നിരക്ക് കുറയാത്തത് ആശങ്കാജനകമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അജയ് ഭല്ല പറഞ്ഞു.

Read more

അതേസമയം ദക്ഷിണേന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ നിരക്കും, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയും കേന്ദ്ര മന്ത്രി വിലയിരുത്തും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കും.