കര്‍ഷക സമരം ഒടുവിൽ വിജയിച്ചു; ഒരു വർഷം നീണ്ട പ്രതിഷേധങ്ങളിൽ മരിച്ചത് നൂറുകണക്കിന് പേർ

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം.

“എന്റെ അഞ്ച് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രം എന്നെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, കര്‍ഷക വികസനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്,” പ്രധാനമന്ത്രി പറഞ്ഞു.

“കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. ഒരു ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്‍കി. കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റവും ഉണ്ടായിട്ടുണ്ട്. ഗ്രാമീണ വിപണിയുടെ അടിസ്ഥാനം ശക്തിപ്പെടുത്തുകയും, താങ്ങുവില ഉയര്‍ത്തുകയും ചെയ്തു. മൈക്രോ ഇറിഗേഷന്‍ ഫണ്ടും, വിള വായ്പയും ഇരട്ടിയാക്കി. കര്‍ഷകര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ വാര്‍ഷിക ബജറ്റുകളും ഉയര്‍ത്തി,” മോദി കൂട്ടിച്ചേര്‍ത്തു.

“കര്‍ഷകരെ സേവിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചെറുകിട കര്‍ഷകരെ സഹായിക്കാനായി കാര്‍ഷിക നിയമം കൊണ്ടുവന്നു. കര്‍ഷകരുടെ, പ്രത്യേകിച്ച് ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ പൂര്‍ണ്ണമായും സേവിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ മൂന്ന് നിയമങ്ങളെക്കുറിച്ചും കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവരില്‍ ഒരു വിഭാഗം മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. പക്ഷേ അവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നിയമത്തെക്കുറിച്ച് കര്‍ഷകരോട് വിശദീകരിക്കാന്‍ സർക്കാർ പരമാവധി ശ്രമിച്ചു. നിയമങ്ങള്‍ പരിഷ്‌കരിക്കാനും സസ്‌പെന്‍ഡ് ചെയ്യാനും പോലും ഞങ്ങള്‍ തയ്യാറായിരുന്നു. വിഷയം സുപ്രീം കോടതിയിലും എത്തി. എന്നാൽ കാര്യങ്ങൾ കര്‍ഷകരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണ്,” ചരിത്ര പ്രധാനമായ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിന് മുന്നോടിയായാണ് ബി.ജെ.പി സർക്കാരിന്റെ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കോവിഡ് പ്രതിസന്ധിക്കിടെ ഉയര്‍ന്ന കര്‍ഷക രോഷവും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും കണക്കിലെടുക്കാതെയാണ് മൂന്ന് വിവാദ ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്. കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, അവശ്യവസ്തു നിയമ ഭേദഗതി ബില്‍ എന്നിവ ലോക്‌സഭ 2020 സെപ്തംബര്‍ 17നും, രാജ്യസഭ 20 നും പാസാക്കി. 26ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ കാര്‍ഷിക മേഖലയില്‍ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുന്നെന്ന് ആരോപിച്ച് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കാര്‍ഷിക ചന്തകള്‍ എന്നറിയപ്പെടുന്ന മണ്ഡികള്‍ അപ്രസക്തമാവുകയും, താങ്ങുവില കിട്ടാതെ പോകുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കപ്പെട്ടു. താങ്ങുവില നിയമം മൂലം കൊണ്ടുവരണമെന്ന കര്‍ഷക ആവശ്യം സർക്കാർ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

2020 ഒക്ടോബര്‍ 14 നും 2021 ജനുവരി 22 നും ഇടയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ പതിനൊന്ന് തവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് പ്രതിസന്ധിക്കിടയില്‍ പോലും പതിനായിരക്കണക്കിന് കര്‍ഷക യൂണിയന്‍ അംഗങ്ങള്‍ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനടുത്തായി കാർഷിക നിയമങ്ങൾക്കതിരെ സമരം തുടരുകയായിരുന്നു. സമരത്തില്‍ ഇതുവരെ ഏകദേശം 750 ഓളം പ്രതിഷേധക്കാര്‍ മരിച്ചതായി കർഷക സംഘടനകൾ അവകാശപ്പെടുന്നു. 2021 ജനുവരിയില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെ സുപ്രീം കോടതി സ്റ്റേയിറക്കിയിരുന്നു.

നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ കര്‍ഷകരോട് സമരം അവസാനിപ്പിച്ച് തിരികെ പോകാന്‍ ആഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

Latest Stories

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര സഭ; വിശുദ്ധ കുർബാന മധ്യേ മുഴുവൻ പള്ളികളിലും പ്രാർത്ഥന നടത്തും

IPL 2025: ഐപിഎല്‍ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം, ഇവിടെ ഒരുപാട് മികച്ച വേദികളുണ്ട്, ലീഗ് കഴിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ക്ക് അതിനായും ഒരുങ്ങാം, നിര്‍ദേശവുമായി മുന്‍ താരം