ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനമാണ് അമിത്ഷായെ ചൊടിപ്പിച്ചത്. സനാതന ധര്‍മ്മം തുടച്ച് നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് അമിത്ഷാ പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഇന്‍ഡ്യ സഖ്യത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റയും ഭാഗമാണ് ഉദയനിധിയുടെ പരാമര്‍ശമെന്നും അമിത്ഷാ വ്യക്താക്കി. രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന് അമിത്ഷാ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍ഡ്യ സഖ്യം സനാതന ധര്‍മ്മത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്. നരേന്ദ്രമോദി വിജയിച്ചാല്‍ ഹിന്ദു രാജ്യം വരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സനാതന ധര്‍മ്മം ജനഹൃദയങ്ങളിലാണ്. ലഷ്‌കര്‍-ഇ-ത്വയ്ബയേക്കാള്‍ അപകടകാരികളാണ് ഹിന്ദു സംഘടനകളാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഇവര്‍ നിരന്തരം സനാതന ധര്‍മ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവഹേളിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു.