അധ്യാപകരും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്. സ്‌കൂളിന്റെ അഭിവൃദ്ധിയ്ക്കായാണ് വെളിച്ചം പകരേണ്ട അധ്യാപകര്‍ ഉള്‍പ്പെടെ രണ്ടാം ക്ലാസുകാരന്റെ ജീവനെടുത്തത്. റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് ക്രൂര കൃത്യം അരങ്ങേറിയത്.
ആഭിചാര ക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെയും ഭാഗമായാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ഭാഗേല്‍ ഇയാളുടെ പിതാവ് ജശോധരന്‍ സിംഗ്, അധ്യാപകരായ ലക്ഷ്മണ്‍ സിങ്, വേര്‍പാല്‍ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരാണ് കേസില്‍ പിടിയിലായത്.
സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ഭാഗേലിന്റെ പിതാവ് ജശോധരന്‍ സിംഗ് ദുര്‍മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും വിശ്വസിച്ചിരുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് സ്‌കൂളിന്റെ ഉന്നതിയ്ക്കായി കൊല നടത്തിയത്. ഞായറാഴ്ച രാത്രിയോടെ കുട്ടിയെ സ്‌കൂളിന് പുറത്തെ കുഴല്‍ക്കിണറിന് സമീപം വച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചു.
എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പുറത്തേക്ക് പിടിച്ചുകൊണ്ടുവരുന്നതിനിടയില്‍ കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ പ്രതികള്‍ കഴുത്ത് ഞെരിച്ച് രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തി. സെപ്റ്റംബര്‍ 6ന് മറ്റൊരു കുട്ടിയെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ പിന്മാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നിശ്ചലനായി കിടന്ന കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ആുപത്രിയിലെത്തിക്കാനെന്ന വ്യാജേന ഡയറക്ടര്‍ ദിനേശ് ഭാഗേല്‍ മൃതദേഹം കാറില്‍ കയറ്റി ആഗ്ര അലിഗഡ് മേഖലയിലേക്ക് മണിക്കൂറുകളോളം സഞ്ചരിച്ചു. വിവരം അറിഞ്ഞെത്തിയ കുട്ടിയുടെ പിതാവിന് സംശയം തോന്നിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണം നരബലിയാണെന്ന് കണ്ടെത്തിയത്.