കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
മരണം സംഭവച്ചത് പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. എതിർക്കാൻ ശ്രമിച്ച ഡോക്ടർ നിലവിളി ഉണ്ടാക്കാതിരിക്കാൻ ശ്വാസം മുട്ടിച്ചിട്ടുണ്ട്. കഴുത്തിലെ തൈറോയ്ഡ് തരുണാസ്ഥി തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായ പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കിൽ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു. ആശുപത്രി വളപ്പില്‍ ഇടയ്ക്കിടെ വരുന്ന പുറത്തുനിന്നുള്ളയാളാണ് പ്രതി. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ ഓഗസ്റ്റ് 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വേണ്ടിവന്നാല്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.
അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് പൊലീസിൻ്റെ സിവിക് വൊളണ്ടിയർ ആയിരുന്നു. ഇതിനാൽത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളിൽ പ്രവേശിക്കാനും ഇയാൾക്ക് തടസ്സങ്ങളുണ്ടായിരുന്നില്ല. വെള്ളിയാഴ്‌ച പുലർച്ചെ ആശുപത്രിയിലെത്തിയ ഇയാൾ സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ട്‌ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ ഡോക്‌ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്‌തു. ഇയാൾ നേരത്തെയും ആശുപത്രിയിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവദിവസം ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് കൊൽക്കത്ത പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്ത് നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചിരുന്നു. സെമിനാർ ഹാളിന് സമീപം സഞ്ജയ് റോയി പലതവണ നടക്കുന്നത് ദൃശ്യത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഇയാൾ ആശുപത്രി വിടുകയും ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സംശയിക്കുന്ന എല്ലാവരേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു. ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്നായിരുന്നു സഞ്ജയ് റോയ് എന്നയാളുടെ അറസ്റ്റ്. അതേസമയം കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് അർധനഗ്നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.