രാജ്യത്ത് അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വില ഉയരും. മരുന്നുകള്‍ക്ക് 10.7 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ പാരസെറ്റാമോള്‍ ഉള്‍പ്പെടെ 800 ഓളം മരുന്നുകള്‍ക്ക് ഏപ്രില്‍ മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. വില വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കി.
ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ക്ക് വില കുതിച്ചുയരും. പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ഉയരുന്നത് തിരിച്ചടിയാകും.
പാരസെറ്റമോളിന് പുറമേ ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകശളും വില കൂടുന്നവയുടെ പട്ടികയിലുണ്ട്. കേന്ദ്ര സാമ്പത്തികകാര്യ ഉപദേശകന്റെ ഓഫീസില്‍ നിന്നുള്ള 2021 ലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.