'എന്റെ വസ്ത്രങ്ങള്‍ വലിച്ചുരിഞ്ഞത് ഭരണപക്ഷം'; ജനങ്ങള്‍ കൃഷ്ണനായെന്ന് മഹുവ മൊയ്ത്ര

ലോക്‌സഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭയില്‍ തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ച ഭരണപക്ഷത്തെ ജനങ്ങള്‍ നിശബ്ദരാക്കിയെന്ന് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം സംസാരിച്ച മഹുവയുടെ വാക്കുകള്‍ രാജ്യ ശ്രദ്ധ നേടുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് മഹുവ സഭയില്‍ സംസാരിച്ചു തുടങ്ങിയത്. ഒരു മണിക്കൂറിലേറെയായി സഭയിലുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് പറഞ്ഞ ശേഷമായിരുന്നു മഹുവ സംസാരിച്ച് തുടങ്ങിയത്. തന്നെ ഭരണപക്ഷം വസ്ത്രാക്ഷേപം നടത്തിയെന്നും ജനങ്ങളായിരുന്നു തന്റെ കൃഷ്ണനെന്നും മഹുവ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പും തിരഞ്ഞെടുപ്പ് കാലത്തും തന്നെ കേന്ദ്ര സര്‍ക്കാര്‍ ദ്രൗപതിയെ പോലെ വസ്ത്രാക്ഷേപം നടത്തുകയായിരുന്നു. ജനങ്ങളാണ് തനിക്ക് ഭഗവാന്‍ കൃഷ്ണനായി മാറിയതെന്നും കൃഷ്ണനഗര്‍ എംപി കൂട്ടിച്ചേര്‍ത്തു. തന്നെ ഈ സഭയില്‍ സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചിരുന്നില്ല.

തന്നെ വീട്ടിലിരുത്താന്‍ ശ്രമിച്ച ബിജെപിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ബിജെപിയുടെ 63 എംപിമാര്‍ സ്ഥിരമായി വീട്ടിലിരിക്കുന്നതെന്നും മഹുവ ബിജെപിയെ പരിഹസിച്ചു. കഴിഞ്ഞ സഭയില്‍ 303 അംഗങ്ങളുണ്ടായിരുന്ന ബിജെപി തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചതിന്റെ നിരന്തര ഫലമായാണ് 240 സീറ്റുകളിലേക്കെത്തിയതെന്നും മഹുവ അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ന് സഭയില്‍ രാഹുല്‍ ഗാന്ധി ഭരണപക്ഷത്തിനെതിരെ കത്തിക്കയറുകയായിരുന്നു. രാജ്യത്ത് വിദ്വേഷവും ഭയവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ല. ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമവും വിദ്വേഷവും പടര്‍ത്തുന്നുവെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാഹുലിന്റെ അധിക്ഷേപം ഗൗരവകരമാണെന്നും മാപ്പ് പറയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിച്ചു തുടങ്ങിയത് പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു.

ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ശിവന്റെ അഭയ മുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. ദൈവവുമായി മോദിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് രാഹുല്‍ സഭയില്‍ പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനേക്കാള്‍ വലിയ അറിവില്ലായ്മയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.