കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നും തുടരും. സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.
ലോറി കരയിൽ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.
അതേസമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.