അടുത്തിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഡിസംബർ 17, 19 തിയതികളിൽ ഹരിദ്വാറിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സിബൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. രാജ്യത്തെ മുദ്രാവാക്യം സത്യമേവ ജയതേ എന്നതിൽ നിന്ന് മാറിയ അപകടകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സിബൽ ഹർജിയിൽ പറഞ്ഞു.
അന്വേഷണം നടന്നില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് എഫ്.ഐ.ആർ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സിബൽ പറഞ്ഞു. അറസ്റ്റ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവിധ മതനേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ആയുധം പ്രയോഗിക്കണമെന്ന് ആഹ്വാനത്തോടെ അതിരൂക്ഷമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഇതിനെതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.