“ഉര്‍വശീ ശാപം ഉപകാരം” എന്ന് പറഞ്ഞത് പോലെയാണ് ആധാറിന്റെ കാര്യം. 2017ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി തെരഞ്ഞെടുത്തത് വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നേടിയ ആധാറിനെ. ആധാര്‍ കാര്‍ഡിന്റെ പേരില്‍ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയില്‍ “ആധാറി”ന് ലഭിച്ച ജനപ്രിയതയാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലേയ്ക്കുള്ള വഴിതുറന്നത്. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആണ് ആധാറിനെ കഴിഞ്ഞ വര്‍ഷത്തെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലൂടെ പ്രശസ്തമായ “മിത്രോം”, നോട്ടു നിരോധനത്തിലൂടെ സാധാരണ പ്രയോഗമായി തീര്‍ന്ന “നോട്ട്ബന്ദി”, പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരം നേടിയ “ഗോ രക്ഷക്” എന്നീ വാക്കുകള്‍ ഡിക്ഷ്ണറിയിലേക്കുള്ള എന്‍ട്രിയില്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി സകലരും ചര്‍ച്ച ചെയ്ത വാക്കെന്ന നിലയിലാണ് ആധാര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് സമിതിയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി.
ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വാക്കുകളെ കുറിച്ച് നിരവധി സംവാദങ്ങളും അഭിപ്രായ പ്രകടനങ്ങളുമുണ്ടായി. “സ്ലീപ്പവസ്ഥ”, “മൗകട്ടേറിയന്‍” തുടങ്ങി ഹിന്ദി-ഇംഗ്ലീഷ് സംയുക്തങ്ങളായ വാക്കുകള്‍ പ്രയോഗത്തില്‍ വരേണ്ടത് ആവശ്യമാണെന്ന് എഴുത്തുകാരനായ പങ്കജ് ദുബേ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭാഷയില്‍ വാക്കുകളുടെ പ്രയോഗങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്ന് എഴുത്തുകാരി ചിത്ര മുദ്ഗല്‍ അടക്കമുള്ളവര്‍ വാദിച്ചു.